Sports
മഡ്ഗാവ്: “പത്രക്കുറിപ്പുകളും പ്രസ്താവനകളും ഞങ്ങള്‍ക്കു വേണ്ട. നടപടിയാണ് ആവശ്യം. ഞങ്ങള്‍ക്കു ഫുട്ബോള്‍ കളിക്കണം.
നിങ്ങള്‍ ഒരു ആവാസവ്യവസ്ഥയെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്’’- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ഒഡീഷ എഫ്സിയുടെ ക്യാപ്റ്റന്‍ കാര്‍ലോസ് ഡെല്‍ഗാഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. സുനില്‍ ഛേത്രി അടക്കമുള്ള ഇന്ത്യന്‍ മുന്‍നിര താരങ്ങളും ഫുട്ബോള്‍ കളിക്കണമെന്ന ആവശ്യമുള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പങ്കുവച്ചു.
ഛേത്രിയും ഡെല്ഗാഡോയുമെല്ലാം രൂക്ഷമായി പ്രതികരിക്കാനുള്ള കാരണം ഒന്നുമാത്രം, 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. സുപ്രീംകോടതി ഇടപെട്ടശേഷം പ്രശ്നപരിഹാരത്തിനു നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. ഐഎസ്എല്‍ 2025-26 സീസണ് വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാജയപ്പെട്ടതാണ് നിലവിലെ പ്രശ്നം.
2025-26 സീസണ് മുടങ്ങാനുള്ള പ്രധാന കാരണം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്തതായിരുന്നു.
എഐഎഫ്എഫ് പ്രസ്താവന
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത നടപടി അതിനുശേഷം തീരുമാനിക്കും- എഐഎഫ്എഫ് പുറത്തുവിട്ട ഈ പ്രസ്താവനയാണ് കാര്‍ലോസ് ഡെല്‍ഗാഡോയെ ചൊടിപ്പിച്ചത്.
വാണിജ്യ പങ്കാളിത്തപ്രശ്നം
റിലയന്‍സ് പിന്‍വാങ്ങിയെങ്കിലും വാണിജ്യ പങ്കാളികളാന് തയാറായി അഞ്ച് കമ്പനികള്‍ എഐഎഫ്എഫിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍, ഗവേണിംഗ് കൗണ്‍സിലിലെ ആറില്‍ ഒരു സീറ്റ് മാത്രമേ ഇന്‍വെസ്റ്റേഴ്സിനു ലഭിക്കൂ എന്നതിനാല്‍ (അതായത് 17 ശതമനാം പങ്കാളിത്തം) ബിഡ് സമര്‍പ്പിക്കാന്‍ ആരും തയാറായില്ല. വാണിജ്യ പങ്കാളികൾക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
Sports
ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന സൂചന നല്കി പോര്‍ച്ചുഗലിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം ലോകകപ്പില്‍ പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്.
ഇതിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് പോച്ചുഗീസ് ഇതിഹാസം. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവയും കിരീടത്തിലേക്ക് എത്തില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിയോണല്‍ മെസിയുമായി സ്വയം താരതമ്യം ചെയ്തിരുന്നു ക്രിസ്റ്റിയാനോ. മെസിയേക്കാള്‍ മികച്ചവന്‍ താന്‍ തന്നെയാണെന്ന് പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ അവകാശപ്പെട്ടിരുന്നു.
District News
കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം ദേശീയ നിലവാരമുള്ള ഫുട്ബോള്‍ മത്സരം മടങ്ങിയെത്തുന്ന ആവേശത്തിലാണ് കണ്ണൂരുകാർ. നഗര-ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ മനസില്‍ ഇതിനകം സൂപ്പര്‍ ലീഗ് കേരളയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും ഇടംപിടിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30ന് കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റേഡിയത്തിൽ 15,000 ആരാധകര്‍ക്ക് കളി കാണാം
ഫെഡറേഷന് കപ്പ്, ഇ.കെ. നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസേര്സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008ല്‍ നടന്ന ഇ.കെ. നായനാര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരം കാണാന്‍ ഗാലറി നിറഞ്ഞു കവിഞ്ഞത്.
2012 ഒക്ടോബറില്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ 50,000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരുവശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ 15,000 ത്തിലധികം പേര്‍ക്കായിരിക്കും മത്സരം കാണാന്‍ സാധിക്കുക.
ടീമില്‍ ഒമ്പത്കണ്ണൂരുകാര്
സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളാണ് ബൂട്ടു കെട്ടുന്നത്. ആദ്യ സീസണില്‍ കളിച്ച അശ്വിന് കുമാര്‍ രണ്ടാം സീസണിലും വാരിയേഴ്സിന് വേണ്ടി ബൂട്ടുകെട്ടും.
ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഡൈമണ്ട് ഹാര്‍ബറിന് വേണ്ടി കിരീടം നേടിയ താരമാണ്. ഗോള്‍പോസ്റ്റില്‍ വാരിയേഴ്സിന്റെ കാവല്‍ക്കാരായി രണ്ട് കണ്ണൂര്കാരുണ്ട്. 2021 ഐ ലീഗ് സീസണിലെ മികച്ച ഗോള്‍കീപ്പറും ഐ ലീഗ് ഡ്യൂറന്‍ഡ് കപ്പ് നേടിയ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ്, കേരളത്തിന് വേണ്ടി രണ്ട് സന്തോഷ് ട്രോഫി കിരീടം നേടിയ മുന്‍ കേരള ക്യാപ്റ്റന്‍ വി. മിഥുന് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍.
പ്രതിരോധനിരയിലുമുണ്ട് കണ്ണൂരുകാര്. 38 ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ 21 വയസുകാരന് സച്ചിന് സുനി, സൂപ്പര്‍ ലീഗ് കേരളയുടെ ഗെയിംസ് ചേഞ്ചര്‍ പ്രൊജക്ടില്‍ നിന്ന് സീനിയര്‍ ടീമിലെത്തിയ പി.പി. ബാസിത്ത്, കേരള യുണൈറ്റഡിന് വേണ്ടി 2023-2024 സീസണില്‍ കേരള പ്രീമിയര്‍ ലീഗ് നേടിയ ഷിബിന്‍ ഷാദ് എന്നിവര്‍ ടീമിന്റെ പ്രതിരോധം കാക്കും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഐ ലീഗ് ക്ലബ് ശ്രീനിധി ഡക്കാനില്‍ നിന്ന് മുഹമ്മദ് സനാദ്, ജില്ലാ ലീഗില്‍ നിന്ന് മുഹമ്മദ് നാസിഫ്, യേനപ്പോയ സര്‍വകലാശാല താരം മുഹമ്മദ് സിനാന് തുടങ്ങിയവരാണ് കണ്ണൂര്ക്കാർ.
സ്റ്റേഡിയത്തിൽ
നിരോധിച്ച വസ്തുക്കള്‍
പവര്‍ ബാങ്ക്, സിഗരറ്റ് ആൻഡ് ലൈറ്റര്‍,സെല്‍ഫി സ്റ്റിക്ക്, കോയിന്‍സ്, വിസില്‍, ഗ്ലാസ് കുപ്പികള്‍, കുട, ഹെല്‍മറ്റ്, ഡിഎസ്എല്‍ആര്‍ കാമറ, ആയുധങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, ലേസർ, ലഹരി ഉത്പന്നങ്ങള്‍, മദ്യം, വീഡിയോ കാമറ, ഡ്രോണ്‍സ്, ടിന് ആൻഡ് ക്യാന്സ്, സംഗീത ഉപകരണങ്ങള്‍, കത്തുന്ന വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍, പടക്കങ്ങള്‍.
District News
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിന്റെ നേതൃത്വത്തിൽ എട്ട് മുതൽ 14 വരെ ഇന്റർസോണ്‍ ഫുട്ബോൾ ചാന്പ്യൻഷിപ്പ് നടക്കും. 350 കോളജുകൾ പങ്കെടുത്ത നാല് സോണ്‍ മത്സരങ്ങൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട 16 കോളജ് ടീമുകളാണ് ഇന്റർസോണ്‍ ഫുട്ബോളിൽ മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തെ യൂണിവേഴ്സിറ്റി ചാന്പ്യൻമാരായ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിന്റെ നേതൃത്വത്തിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ ഇഎംഇഎ കോളജ്, കൊണ്ടോട്ടി, എംഐസി കോളജ്, മന്പാട് എംഇഎസ് കോളജ്, ഫാറൂഖ് കോളജ്, ഗുരുവായൂരപ്പൻ കോളജ്, സെന്റ് ജോസഫ് കോളജ് ദേവഗിരി, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, കേരളവർമ കോളജ്, എംഡി കോളജ്, എംഇഎസ് അസ്മാബി കോളജ്, എസ്എൻ കോളജ് ഷൊർണൂർ, എംഇഎസ് കല്ലടി കോളജ്,
വിടിബി കോളജ്, നജാത്ത് കോളജ് തുടങ്ങിയ ്ര ടീമുകൾ പങ്കെടുക്കും. കാലിക്കട്ട് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന ഫുട്ബോൾ ടീമിനെ ചാന്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കും. ആദ്യമത്സരത്തിൽ എ സോണ്‍ ജേതാക്കളായ ഫാറൂഖ് കോളജ് എംഇഎസ് മന്പാട് കോളജിനെ നേരിടും. ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫസർ രവീന്ദ്രനാഥ് നിർവഹിക്കും.
NRI
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി. നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ഫിഫ ടെക്നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമാം നിര്‍വഹിച്ചു.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ കപ്പ് ട്രോഫി സദസിനു മുന്നില്‍ അനാച്ഛാദനം ചെയ്തു.
ഖിഫ് ടൂര്‍ണമെന്റിന്റെ സംഘാടനത്തെ അഭിനന്ദിച്ചു കൊണ്ടും എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ടുമാണ് ക്യുഎഫ്എ സെക്രട്ടറിയും ഇന്ത്യന്‍ അംബാസിഡറും ചടങ്ങില്‍ സംസാരിച്ചത്. ഖിഫ് മുന്‍ പ്രസിഡന്റ് പരേതനായ കെ. മുഹമ്മദ് ഈസയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും പ്രാര്‍ഥിച്ചു കൊണ്ടുമാണ് ലോഞ്ചിംഗ് ചടങ്ങിന് തുടക്കം കുറിച്ചത്.
ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഹസ്സന് അല്‍ ഖലീഫ, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കുവാരി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ഖിഫ് ലോഞ്ചിംഗ് വേദിയെ ധന്യമാക്കി.
ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖിഫിന്റെ എല്ലാ പങ്കാളികള്‍ക്കും സഹകാരികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. അതിഥികള്‍ക്കും സദസിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഖിഫ് ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്മദ് സംസാരിച്ചു.
ചടങ്ങിന്റെ രണ്ടാം സെഷനില്‍ ടീമുകളുടെ മത്സര ഷെഡ്യൂള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലാ ടീമുകളും തെക്കന്‍ ജില്ലകളെ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ എഫ്സിയുമാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍.
ഖിഫ് വൈസ് പ്രസിഡന്റ് ഷമീന്‍ മുഹമ്മദ് ടീം നറുക്കെടുപ്പിന് നേതൃത്വം നല്കി. നിരവധി ഖത്തരി പ്രമുഖര്‍ക്ക് പുറമെ ഇന്ത്യന്‍ സംഘടനകളുടെ നേതാക്കള്‍, ഫുട്ബോള്‍ ടീം മാനേജര്‍മാര്‍, ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍ എന്നിവരുടെയും സാന്നിധ്യം ചടങ്ങിനെ ഗംഭീരവും അവിസ്മരണീയവുമാക്കി മാറ്റി.
ചടങ്ങില്‍ ലുലു ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫിനെ ഖിഫ് സീസണ് 16ന്റെ മുഖ്യരക്ഷാധികാരിയായി പ്രഖ്യാപിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം രണ്ട് പതിറ്റാണ്ടോളമായി ദോഹയില്‍ പ്രവാസികള്‍ക്കായുള്ള ഫുട്ബോള്‍ കായിക മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് സജീവമായി നിലകൊള്ളുന്നു.
സംഘടനകള്‍ തമ്മില്‍ മത്സരിക്കുന്ന ഫുട്ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ കായികക്ഷമത, സാംസ്കാരിക ഐക്യം, സംഘടനാ സൗഹൃദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി ഖിഫ് ഇതിനകം മാറിക്കഴിഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ മേൽനോട്ടത്തിലും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ പിന്തുണയോടെയുമാണ് കഴിഞ്ഞ 15 സീസണുകള്‍ ഖിഫ് വിജയകരമായി സംഘടിപ്പിച്ചത്.
ഫുട്ബോള്‍ അഭിനിവേശത്തിന്റെയും സാംസ്കാരിക സൗഹൃദത്തിന്റെയും സന്ദേശം ഉദ്ഘോഷിച്ചുകൊണ്ട് സീസണ് 16 ദോഹ സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
District News
പാലക്കാട്: എറണാകുളത്തു നടന്ന അണ്ടർ- 13 ഗേൾസ് റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ പാലക്കാട് ടാലന്റ്സ് ഫുട്ബോൾ ടീമിനും പരിശീലകർക്കും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ടാലന്റ്സ് ഫുട്ബോൾ അക്കാഡമി പ്രസിഡന്റ് നിഖിൽ കൊടിയത്തൂരിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അക്കാഡമിയുടെ കോച്ചിംഗ് ഡയറക്ടർ പി.കെ. രാജീവ്, സെക്രട്ടറി സി.സി. പയസ്, പരിശീലകരായ ദേവദാസ്, ഉമേഷ്, വർഷ, വിവേക്, ശ്രീജിത്ത്, അരുൺ തുടങ്ങിയവർ പങ്കെടുത്തു.
Sports
സാന്തിയാഗോ: ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീനയെ തകർത്ത് മൊറോക്കയ്ക്ക് കിരീടം. കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തർ അർജന്റീനയെ മുട്ടുകുത്തിച്ചത്.
12-ാം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെ യാസിർ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകിയത്. 29-ാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അർജന്റീനയെ ഞെട്ടിച്ചു.
രണ്ടാം പകുതിയിൽ സർവസന്നാഹങ്ങളുമായി അർജന്റീൻ താരങ്ങൾ മൊറോക്കൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾമാത്രം പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.
ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ ഏല്ക്കുന്ന ആദ്യ തോല്‍വി കൂടിയാണിത്. 1983ല്‍ ബ്രസീലിനോട് തോറ്റ ശേഷം ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.
Sports
ബ്യൂനസ് ഐറിസ്: സംഘാടകർ തുടർച്ചയായി കരാർ ലംഘിക്കുന്നതിനാൽ അര്‍ജന്റീന ടീമിന്റെ കേരളാ സന്ദര്‍ശനം അനിശ്ചിതത്വത്തിൽ. നവംബറിൽ നടത്താനിരുന്ന പര്യടനം ഉപേക്ഷിച്ചെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമമായ ലാ നാസിയോൺ റിപ്പോർട്ട് ചെയ്തു.
പര്യടനം യാഥാർഥ്യമാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും ഹോട്ടലും സന്ദർശിച്ചു. പക്ഷേ ആവശ്യപ്പെട്ട ക്രമീകരണങ്ങൾ സജ്ജമാക്കാൻ അവർക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാർച്ചിൽ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളാ സന്ദർശനത്തിൽ നിന്നും അർജന്റീന ടീം പിൻമാറിയെന്ന തരത്തിൽ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി.അബ്ദു റഹിമാൻ പറഞ്ഞു. നവംബര്‍ 17 ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്സര് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
Sports
മുംബൈ: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) നടക്കില്ലെന്ന ആശങ്കകള്‍ക്കിടെ ക്ലബ് പ്രതിനിധികളും എഐഎഫ്എഫുമായി ഇന്നു നിര്‍ണായക യോഗം നടക്കും.
ജൂലൈ 11നാണ് 2025-26 ഐഎസ്എല്‍ സീസണ് നടന്നേക്കില്ലെന്ന സൂചന, ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) നല്‍കിയത്. എഫ്എസ്ഡിഎല്ലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) തര്‍ക്കം പരിഹരിക്കാത്തതാണ് പ്രശ്നകാരണം.
അതേസമയം, ഇന്നത്തെ യോഗത്തില്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് പങ്കെടുക്കില്ലെന്നാണ് സൂചന. നിലവില്‍ കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ലെന്നാണ് ബഗാന്റെ നിലപാട്.
ഒഡീഷ എഫ്സി, ബംഗളൂരു എഫ്സി തുടങ്ങിയ ടീമുകള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയിന് എഫ്സിയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും പ്രവര്‍ത്തനമാണ് ചെന്നൈയിന് എഫ്സി നിര്‍ത്തിവച്ചത്. യൂത്ത് ടീമിന്റെ പ്രവര്‍ത്തനം ചെന്നൈയിന് നേരത്തേതന്നെ നിര്‍ത്തിവച്ചിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച താരമായ സുനില്‍ ഛേത്രിയുടെ ക്ലബ്ബായ ബംഗളൂരു എഫ്സി, ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും സാലറി മരവിപ്പിച്ചതിന്റെ പിറ്റേദിനമാണ് ചെന്നൈയിന് പ്രവര്‍ത്തനം നിര്ത്തിവച്ചതെന്നതും ശ്രദ്ധേയം.
അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിന് എഫ്സി, ഫസ്റ്റ് ടീമിനുള്ള സാലറി ജൂണില്‍ നല്‍കിയിരുന്നു. എന്നാല്‍, ജൂലൈയിലെ പ്രതിഫലം ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.